irinjalakudavoice
News

കെ എസ് ഇ കമ്പനിയില്‍ അതിഥി തൊഴിലാളികളെ ജോലിയ്ക്ക് എത്തിച്ചത് കോവീഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്ന് കമ്പിനി മാനേജ്‌മെന്റിന്റെ വിശദീകരണം.കെ എസ്. ഇ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എ. പി. ജോര്‍ജ് പുറത്തിയ വാര്‍ത്ത കുറിപ്പ് വായിക്കാം.

അമ്പതു വര്‍ഷത്തിലധികം പാരമ്പര്യമുള്ളതും, ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതും ഇരിങ്ങാലക്കുടക്കാര്‍ ആരംഭിച്ചതുമായ കേരളത്തിലെ ഒരു പ്രമുഖ വ്യവസായ സ്ഥാപനമാണ് കെ. എസ്. ഇ ലിമിറ്റഡ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വളരെയധികം ആരോപണങ്ങള്‍ കമ്പനിക്കുനേരെ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി സമൂഹത്തില്‍ ഉണ്ടായ തെറ്റിദ്ധാരണ നീക്കേണ്ടത് അത്യന്തം ആവശ്യമാണ് എന്നതുമൂലമാണ് ഈ സന്ദേശം പങ്കുവെയ്ക്കാന്‍ തയ്യാറായത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കേരളം മുഴുവന്‍ അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോള്‍ അവശ്യവിഭാഗത്തില്‍ പെടുന്ന കാലിത്തീറ്റ ഉല്‍പ്പാദനം തുടരുവാന്‍ കമ്പനിക്ക് സാധിക്കുകയും ക്ഷീര കര്‍ഷകര്‍ക്ക് ആയത് ഫലപ്രദമായി എത്തിച്ചു കൊടുക്കാന്‍ കഴിയുകയും ചെയ്തു. എല്ലാവിധ കോവിഡ് നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചായിരുന്നു കമ്പനി ഉല്‍പാദനം നടത്തിയിരുന്നത്. വേറെ കാലിത്തീറ്റകള്‍ ലഭ്യമല്ലാത്തതിനാല്‍ കെ എസ് കാലിത്തീറ്റയ്ക്ക് വിപണിയില്‍ നല്ല ആവശ്യകത ഉണ്ടായിരുന്നതിനാല്‍, ജീവനക്കാരുടെ കുറവ് ഉണ്ടായിരുന്നെങ്കിലും, ലഭ്യമായ ജീവനക്കാരുടെ ആത്മാര്‍ത്ഥപരിശ്രമം കൊണ്ട് നല്ല രീതിയില്‍ ഉല്‍പ്പാദനം നടത്തി വിപണനവും സാധിച്ചു.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കമ്പനി എല്ലാവിധ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചുവന്നിരുന്നു. സോപ്പും സാനിറ്ററൈസറും ഉപയോഗിച്ചു കൈ വൃത്തിയാക്കല്‍, ഊഷ്മാവ് അളക്കല്‍, കമ്പനിയിലേയ്ക്കു പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും മറ്റു വിഭാഗക്കാരും മുഖാവരണം ധരിക്കല്‍, കമ്പനി പരിസരം മുഴുവന്‍ അണുനശീകരണം മുറയ്ക്കു നടത്തല്‍, അകത്തേക്കു വരുന്ന വാഹനങ്ങള്‍ അണുനശീകരിക്കല്‍, സ്പര്‍ശം ഉഴിവാക്കാനായി ജീവനക്കാരുടെ പഞ്ചിങ്ങ് നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ എല്ലാ മുന്‍കരുതലുകളും കമ്പനി കര്‍ക്കശമായി നടപ്പാക്കിയിരുന്നു.
തുടര്‍ച്ച ..

മറ്റു വ്യവസായസ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവൃത്തിക്കുന്ന രീതിയില്‍ത്തന്നെ, ഒരു വിഭാഗം അതിഥിത്തൊഴിലാളികള്‍ നമ്മുടെ കമ്പനിയിലും സേവനമനുഷ്ഠിക്കുന്നുണ്ട്. വര്‍ഷങ്ങളായി അവരുടെ സേവനം കമ്പനിയെ നിലനിര്‍ത്തി കൊണ്ടുപോകുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മാര്‍ച്ച് 23നു ആരംഭിച്ച പരിപൂര്‍ണ അടച്ചിടലിനു മുന്‍പ് അവരവരുടെ നാട്ടില്‍പ്പോയിരുന്ന പകുതിയോളം അതിഥി ത്തൊഴിലാളികള്‍ക്കു തന്മൂലം മടങ്ങി വരുവാന്‍ സാധിച്ചില്ല. അതിനാല്‍ കയറ്റിറക്കു ജോലിക്കു നാട്ടുകാരായ താല്‍ക്കാലിക ജീവനക്കാരെ ആണ് അധികമായി ഉപയോഗിച്ച് പോന്നത്. ലോക്ക്ഡൗണ്‍ അവസാനിച്ചപ്പോള്‍, ഇരുപത്തിഒന്നു അതിഥിത്തൊഴിലാളികള്‍ കേരള സര്‍ക്കാര്‍ പാസ്സ് എടുത്തു ജൂണ്‍ 22നു ഇരിഞ്ഞാലക്കുടയില്‍ എത്തിച്ചേരുകയും അവരെ പ്രത്യേക പാര്‍പ്പിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തില്‍ ക്വാറന്റൈനില്‍ താമസിപ്പിക്കുകയും, പതിനഞ്ചാം ദിവസം ജോലിക്കു കയറുവാന്‍ അനുവദിക്കുകയും ചെയ്തു. ജൂണ്‍ 25 നു ആറു അതിഥിത്തൊഴിലാളികള്‍കൂടി എത്തിയപ്പോള്‍ അവരെയും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തില്‍ താമസിപ്പിക്കുകയും നിയമപ്രകാരം ഉള്ള സമയം കഴിഞ്ഞു ജൂലൈ 10നു ജോലിചെയ്യുവാന്‍ അനുവദിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അതില്‍ ഒരാള്‍ക്ക് ജൂലൈ 10 നു കാലത്തുത്തന്നെ കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചപ്പോള്‍, ഉടനെ അവരെമുഴുവന്‍ തിരികെ ക്വറന്റൈനിലാക്കുകയും ചെയ്തു.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജൂലായ് ഒമ്പതാം തീയതി സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സമ്പര്‍ക്കം കൂടുതല്‍ വരുന്ന വിവിധ വിഭാഗങ്ങളിലെ പതിനെട്ട് ജീവനക്കാരെ ടെസ്റ്റിന് വിധേയമാക്കി. അതിന്റെ ഫലം ജൂലായ് പന്ത്രണ്ടാം തീയതി ഞായറാഴ്ച വന്നപ്പോള്‍, കുറച്ചു പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി, കമ്പനിക്ക് താല്‍ക്കാലിക അടച്ചിടല്‍ ഉത്തരവ് നല്‍കുകയും, കമ്പനി ജൂലായ് പന്ത്രണ്ടാം തിയ്യതിതന്നെ അടച്ചിടുകയും, ജീവനക്കാര്‍ മുഴുവന്‍ ക്വാറന്റൈനില്‍ പോവുകയും ചെയ്തു.
തുടര്‍ച്ച ..

ജൂലൈ 9നു സാമ്പിള്‍ എടുത്തതിന്റെ റിസള്‍ട്ട് ആണ്, ഞായറാഴ്ച ജൂലൈ 12നു വന്നത്. അതിഥി തൊഴിലാളികള്‍ എല്ലാവരും നിര്‍ദ്ദിഷ്ട ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാണ് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. ജൂലായ് 11ന് അതിഥി തൊഴിലാളികള്‍ ജോലിക്കു പ്രവേശിക്കുന്നതിനു മുമ്പു ജൂലായ് 9 നു തന്നെ മേല്‍പ്പറഞ്ഞ പതിനെട്ടുപ്പേരുടെ സാമ്പിള്‍ എടുക്കുകയും, അതില്‍ കുറച്ചുപേര്‍ക്ക് പിന്നീട് 12നു രോഗം സ്ഥീരീകരിക്കുകയുമാണ് ഉണ്ടായത്. ഇതില്‍നിന്നു, കമ്പനിക്കുള്ളില്‍ അതിഥിത്തൊഴിലാളികള്‍ രോഗവ്യാപനത്തിന് കാരണക്കാരല്ലെന്നുള്ളതും മറ്റു ജീവനക്കാര്‍ക്ക് രോഗം ബാധിച്ചത് വേറെ ഉറവിടം വ്യക്തമല്ലാത്ത മാര്‍ഗത്തിലൂടെയുമാണെന്ന് തീര്‍ച്ചപ്പെടുത്താം.

കമ്പനി താല്‍ക്കാലികമായി അടച്ചിട്ടതിനുശേഷം എല്ലാ ജീവനക്കാരെയും ടെസ്റ്റിനു വിധേയമാക്കുകയും അതില്‍ രോഗം സ്ഥിരീകരിച്ച ചുരുക്കം ചിലരെ ചികത്സക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. നാളിതുവരെ ആരോഗ്യവിഭാഗം നല്‍കിവരുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കമ്പനി പരിപൂര്‍ണമായി പാലിച്ചുവന്നിട്ടുണ്ട്.

എ. പി. ജോര്‍ജ്
മാനേജിങ്ങ് ഡയറക്ടര്‍
കെ എസ്. ഇ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍

ഇരിങ്ങാലക്കുട.

Related posts

കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് ആന്റിജന്‍ പരിശോധന നാളെ (ജൂലൈ 15) മുതല്‍ തൃശ്ശൂര്‍ ജില്ലയിലും നടപ്പിലാക്കും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. കോവിഡ് പരിശോധനയ്ക്കുള്ള ആന്‍ന്റിജന്‍ ടെസ്റ്റ് കൃത്യത ഉറപ്പാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന് ഈ ടെസ്റ്റ് സഹായിക്കും. സമ്പര്‍ക്കം വഴി രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നതിനാല്‍ കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍…

rahulasokan

ഇരിങ്ങാലക്കുട കമ്മ്യൂണിറ്റി പോലീസിന് ഫേസ് ഷീല്‍ഡ് നല്‍കി ക്രൈസ്റ്റ് കോളേജ്.

rahulasokan

കോവിഡിനെ മറയാക്കി എല്‍ ഡി എഫ് സര്‍ക്കാര്‍ കൊള്ളയും അഴിമതിയും നടത്തുന്നുവെന്നാരോപിച്ച് യു ഡി എഫ് ഇരിങ്ങാലക്കുടയിലും വിവിധ പഞ്ചായത്തുകളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു

rahulasokan

Leave a Comment

error: agane adichu mattada