ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് മൂർത്തിയേടത്ത് മനയിൽ കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. 57 വയസ്സുള്ള ഇദ്ദേഹം ആദ്യമായാണ് മേൽശാന്തിയാകുന്നത്. റിട്ട: സംഗീത അധ്യാപകനാണ്. ഉച്ചൂജ കഴിഞ്ഞ് നടതുറന്നയുടനെ രാവിലെ പത്തോടെയായിരുന്നു നറുക്കെടുപ്പ്. ഇന്നലെ നടന്ന കൂടികാഴ്ചയിൽ യോഗ്യരായ 45 പേരുകൾ എഴുതി വെള്ളികുംഭത്തിലിട്ട് മേൽശാന്തിയുടെ ചുമതലയുള്ള പഴയത്ത് നന്ദകുമാർ നമ്പൂതിരിയാണ് നറുക്കെടുത്തത്. പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജകുമാരി ഭരണസമതിയംഗങ്ങൾ എന്നിവരുടെ സാന്നിദ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിയുക്ത മേൽശാന്തി 30ന് രാത്രി ചുമതലയേൽക്കും.
ഇനിയുള്ള ആറ് മാസം കൃഷ്ണനെ പൂജിക്കാൻ സംഗീതജ്ഞനായ കൃഷ്ണൻ നമ്പൂതിരിക്ക് നിയോഗം. 32 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം ആദ്യമായി പങ്കെടുത്ത നറുക്കെടുപ്പിലാണ് കൃഷ്ണൻ നമ്പൂതിരിക്ക് ഭഗവത് സേവക്ക് അവസരമൊരുങ്ങുന്നത്. പെരുവനം, ശുകപുരം നമ്പൂതിരി ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ ഭട്ടവൃത്തിയുള്ള നമ്പൂതിരിമാർക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയാകാനുള്ള യോഗ്യത. 60 വയസ്സ് വരെ അപേക്ഷിക്കാം. 57 വയസ്സുള്ള കൃഷ്ണൻ നമ്പൂതിരി നേരത്തെ അപേക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നറുക്കെടുപ്പിൽ പങ്കെടുക്കാനായിരുന്നില്ല. രണ്ടാമത്തെ അപേക്ഷയിലാണ് കൃഷ്ണൻ നമ്പൂതിരിയെ ഭാഗ്യം കടാക്ഷിക്കുന്നത്. ഒരു തവണ മേൽശാന്തിയായാൽ രണ്ട് വർഷത്തേക്ക് അപേക്ഷിക്കാനാവില്ല. ഇതിനാൽ ഇനി രണ്ട് തവണ മാത്രമാണ് അപേക്ഷിക്കാൻ അവസരമുള്ളത്. അതുകൊണ്ട് തന്നെ എല്ലാം ഗുരുവായൂരപ്പനിൽ അർപ്പിച്ചായിരുന്നു അപേക്ഷ നൽകിയതെന്നും കൂടികാഴ്ചയിൽ പങ്കെടുത്തതെന്നും കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ഒറ്റപ്പാലം വരോട് കെ.പി.എസ്.മേനോൻ ഹയർസെക്കണ്ടറി സ്കൂളിലെ സംഗീത അധ്യാപകനായിരുന്നു.
2019ൽ 56-ാമത്തെ വയസ്സിൽ വിരമിച്ചതിന് ശേഷം ആദ്യമായി മേൽശാന്തിയാകാൻ അപേക്ഷിച്ചിരുന്നു. കൂടികാഴ്ചയിൽ യോഗ്യത നേടാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തവണ വീണ്ടും അപേക്ഷിച്ചത്. നിരവധി പേർ വർഷങ്ങളായി സ്ഥിരമായി അപേക്ഷിച്ച് കൊണ്ടിരിക്കുന്നവർക്ക് ലഭിക്കാതിരിക്കുമ്പോഴാണ് കൃഷ്ണൻ നമ്പൂതിരിക്ക് രണ്ടാം ഊഴത്തിൽ നറുക്ക് വീഴുന്നത്. ഒട്ടും പ്രതീക്ഷിയുണ്ടായിരുന്നില്ലെന്നും കാരണവന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹമാണ് തന്നെ തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.(ബൈറ്റ്). നറുക്കെടുപ്പ് സമയത്ത് കൃഷ്ണൻ നമ്പൂതിരി ഗുരുവായൂരിലുണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ നിന്ന് വിവരം അറിയിച്ചതനുസരിച്ച് കുടുംബസമേതം എത്തുകയായിരുന്നു. കൃഷ്ണൻ നമ്പൂതിരിയുടെ മൂന്ന് അമ്മാവന്മാർ നേരത്തെ മേൽശാന്തിയായിട്ടുണ്ട്.സംഗീത ലോകത്ത് ഒട്ടേറെ ശിഷ്യ ഗണങ്ങളുള്ള കൃഷ്ണൻ നമ്പൂതിരി വർഷങ്ങളായി ചെമ്പൈ സംഗീതോസവത്തിൽ പാടാറുണ്ട്. തിയ്യന്നൂർ പ്രമോദ് നമ്പൂതിരിയിൽ നിന്നാണ് പൂജ പഠിച്ചത്. മൂർത്തിയേടത്ത് ശങ്കരനാരായണൻ നമ്പൂതിരിയുടെയും തിയ്യന്നൂർ ഉമാദേവി അന്തർജനത്തിന്റേയും മകനാണ്. വരോട് എ.എം.എൽപി സ്കൂൾ അധ്യാപി്ക ലത അന്തർജനമാണ് ഭാര്യ. ഡോ.ഹരികേഷ്, ഹർഷ എന്നിവർമക്കളാണ്. കൃഷ്ണൻ നമ്പൂതിരി 18 മുതൽ ക്ഷേത്രത്തിൽ ഭജനം ഇരിക്കും. 12 ദിവസത്തെ ഭജനത്തിന് ശേഷം 30ന് രാത്രി ചുമതലയേൽക്കും. ആറ് മാസക്കാലം പുറപ്പെടാശാന്തിയായി ക്ഷേത്രത്തിനകത്ത് തന്നെ കഴിയും.