Image default
Health

ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം-ജില്ലാ കളക്ടര്‍

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ സമ്പര്‍ക്കം ഒഴിവാക്കി താമസിക്കാന്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്.

മതിയായ സൗകര്യങ്ങളുള്ള വീടുകളില്‍ സര്‍ക്കാര്‍ അനുമതിയോടെ കഴിയുന്ന രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക പിന്തുണ നല്‍കാന്‍ പൊതു സമൂഹം തയ്യാറാകണമെന്നും അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

രോഗം സ്ഥിരീകരിച്ചശേഷം ആരോഗ്യ വകുപ്പില്‍നിന്ന് ബന്ധപ്പെടുമ്പോള്‍ ഹോം ഐസൊലേഷനില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇക്കാര്യം അറിയിക്കാം.
രോഗിയുടെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമേ ഹോം ഐസോലേഷന്‍ നിര്‍ദ്ദേശിക്കുകയുള്ളു. ഹോം ഐസലേഷനിലിരിക്കാൻ തയ്യാറാക്കുന്ന രോഗിക്ക് അതത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുകയും ചെയ്യാം..

 അറ്റാച്ച്ഡ് ബാത്ത് റൂം ഉള്‍പ്പെടെ വീട്ടില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്നും റൂം ഐസൊലേഷന്‍ അനുവദിക്കാവുന്ന വിഭാഗത്തില്‍ പെട്ടയാളാണെന്നും സ്ഥിരീകരിച്ചശേഷം  പ്രാദേശിക ആരോഗ്യ കേന്ദ്രമാണ് അനുമതി നല്‍കുക.

 ഗര്‍ഭിണികള്‍, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ ഇവര്‍ക്ക് ഹോം ഐസോലേഷന്‍ അനുവദിക്കുന്നതല്ല.

ഹോം ഐസൊലേഷനിലുള്ള രോഗി നിത്യവും രക്തത്തിലെ ഓക്‌സിജന്‍ അളവ്,  പള്‍സ് ഓക്‌സീമീറ്റര്‍  ഉപയോഗിച്ച് പരിശോധിക്കേണ്ടതും രേഖപ്പെടുത്തി വയ്‌ക്കേണ്ടതുമാണ്. വിവരങ്ങള്‍ ഫോണിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

ഗൃഹ ചികിത്സയിലുള്ള രോഗികൾക്ക് ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്കായി  കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 7594041649, 7593830460, 0477  2238651, 2238641,2238642

ജില്ലയിലെ ടെലിമെഡിസിൻ സംവിധാനം മുഖേനയും ഇ-സഞ്ജീവനി വെബ്പോർട്ടൽ/ ആപ്പ് മുഖേനയും ഡോക്ടർമാരുടെ ചികിത്സ ലഭ്യമാക്കും. ജില്ലയിലുടനീളം ആംബുലൻസ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷിതമായി തന്നെ രോഗികൾക്ക് വീട്ടിൽ സ്വയം നിരീക്ഷണവും ചികിത്സയും തുടരാനാവുമെന്ന്  ജില്ലാ കലക്ടർ അറിയിച്ചു.

രോഗി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണെങ്കിൽ, കുട്ടിയോടൊപ്പം മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ കൂടി റൂം ഐസൊലേഷൻ പ്രവേശിക്കണം. ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യമുള്ള മൂന്നാമതൊരാൾ കൂടി ഇവരുടെ പരിചരണത്തിനായി വീട്ടിൽ ഉണ്ടായിരിക്കണം.

രോഗി താമസിക്കുന്ന വീട് വാര്‍ഡ് തല ജാഗ്രത സമിതിയുടെ നിരീക്ഷണത്തി ലായിരിക്കും. വീട്ടിൽ നിന്ന് പുറത്തു പോകാൻ വാഹന ഗതാഗതം സാധ്യമാകുന്ന റോഡ് ഉണ്ടായിരിക്കണം. വീട്ടിൽ ഇൻറർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ /ലാൻഡ് ഫോൺ സംവിധാനവും ഉണ്ടായിരിക്കണം.

രോഗി താമസിക്കുന്ന മുറി വായു സഞ്ചാരമുള്ളതും ടോയ്‌ലറ്റ് ചേര്‍ന്നുള്ളതുമായിരിക്കണം.

റൂം ഐസോലേഷനില്‍ രോഗി ഉള്ള വീട്ടില്‍ നിന്നും പ്രായമുള്ളവരെയും ഗുരുതര രോഗമുള്ളവരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതാണ്.

രോഗിക്ക് വീട്ടിലെ മറ്റ് അംഗങ്ങളുമായി യാതൊരു സമ്പര്‍ക്കവും പാടില്ല.
    രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍, ടോയ്‌ലറ്റ്, മറ്റ് സ്പര്‍ശന തലങ്ങള്‍ എന്നിവ നിത്യവും അണുവിമുക്തമാക്കണം.
    രോഗി സമീകൃത ആഹാരം കൃത്യസമയത്ത് കഴിക്കണം.
    ധാരാളം ചെറു ചൂടുവെള്ളവും, വീട്ടില്‍ ലഭ്യമായ മറ്റ് പാനിയങ്ങളും കുടിക്കേണ്ടതാണ്.
    നന്നായി ഉറങ്ങണം, വിശ്രമിക്കണം.
    പനി, ചുമ, ശ്വാസം മുട്ടല്‍, മണം തിരിച്ചറിയാതിരിക്കുക തുടങ്ങി ലക്ഷണങ്ങള്‍ സ്വയം നിരീക്ഷിക്കുകയും അപകട സൂചനകള്‍ തിരിച്ചറിയേണ്ടതുമാണ്. ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതും നിര്‍ദ്ദേശാനുസരണം ചികിത്സാ സംവിധാനത്തിലേയ്ക്ക് മാറേണ്ടതുമാണ്.

രോഗിയും ശുശ്രൂഷിക്കുന്ന ആളും 3 പാളികളുള്ള മാസ്‌ക് ധരിക്കേണ്ടതും അകലം  പാലിക്കേണ്ടതുമാണ്.
രോഗി തന്നെ ധരിക്കുന്ന വസ്ത്രങ്ങള്‍ കുളിമുറിയ്ക്കുള്ളില്‍ തന്നെ കഴുകേണ്ടതാണ്.
കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുകയോ, സാനിട്ടൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.
മാസ്‌ക്, മറ്റ് മാലിന്യങ്ങള്‍ തുടങ്ങിയവ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യണം.
വീട്ടിലെ മറ്റ് അംഗങ്ങളും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

ശാരീരിക അസ്വാസ്ഥ്യമോ പ്രകടമായ രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ ഉടനടി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കേണ്ടതും നിര്‍ദ്ദേശ പ്രകാരം ചികിത്സാ സംവിധാനത്തിലേക്ക് മാറേണ്ടതുമാണ്.

ഹോം  ഐസൊലേഷനിലുള്ള കോവിഡ് രോഗിയുടെ സ്രവ പരിശോധന 10 ദിവസത്തിന് ശേഷം ആരോഗ്യവകുപ്പിൻറെ ചുമതലയിൽ നടത്തുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന്റെ ഈ സാഹചര്യത്തില്‍ പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ മടി കാണിക്കരുത്. പ്രകടമായ ലക്ഷണങ്ങളില്ലാതെയും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തില്‍ പരിശോധന നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍  ഓഫീസര്‍ അറിയിച്ചു

Related posts

അണു നശീകരണം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ പത്രക്കുറിപ് പുറത്തിറക്കി

dcmidhila1993

കൈനകരിയിലെ കിടപ്പു രോഗികളെ നഗരത്തിലേക്ക് മാറ്റുന്നു

dcmidhila1993

ആരോഗ്യ പ്രവർത്തകൻ അറസ്റ്റിൽ

dcmidhila1993

Leave a Comment